കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ രാജ്യസഭാംഗമാണ്.ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട്.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് വയനാട്ടിലെ കല്പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി. ശ്രേയാംസ്കുമാര്‍.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്ബര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്ബര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് മെമ്ബര്‍,വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്ബര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ.വി. ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്.
ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള് പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.













