പഞ്ചാബിലെ എ.എ.പി എം.എല്‍.എ ഗുർപ്രീത് ഗോഗി ബസ്സി(58) ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച അർധരാത്രിയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.വെടിയേറ്റയുടൻ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെടിയേറ്റ് തന്നെയാണോ മരിച്ചത് എന്നത് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. ലുധിയാന വെസ്റ്റ് മണ്ഡലം എം.എല്‍.എയാണ് ഗുർപ്രീത്.
എ.എ.പി ജില്ലാ പ്രസിഡൻ്റ് ശരണ്‍പാല്‍ സിങ് മക്കറും പൊലീസ് കമ്മീഷണർ കുല്‍ദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു.

ബസ്സി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമീഷണര്‍ പറഞ്ഞു. എം.എല്‍.എക്ക് വെടിയേറ്റു എന്ന വാർത്തയറിഞ്ഞയുടൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു പൊലീസ് കമീഷണർ.
2022ലാണ് ഗോഗി എഎപിയില്‍ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എം.എല്‍.എയായ ഭരത് ഭൂഷണ് ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്ചെയിൻ കൗർ ഗോഗിയും മുനിസിപ്പല്‍ കോർപറേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിങ് ഇൻഡിയോട് പരാജയപ്പെട്ടു.
ബുദ്ധനുല്ലയുടെ ശുചീകരണ യജ്ഞത്തിനായി എം.എല്‍.എ പഞ്ചാബിലെ വിധാൻ സഭ സ്പീക്കർ കുല്‍താർ സിങ് സാന്ധവാനുമായും എം.പി സന്ത് ബാബ ബല്‍ബീർ സിങ് സീചെവാളുമായും ലുധിയാനയില്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
2022ല്‍ ബുദ്ധനുല്ലയിലെ പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും വൈകുന്നതില്‍ എം.എല്‍.എ നിരാശ പ്രകടിപ്പിച്ചിരുന്നു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് സ്പീക്കർ വാഗ്ദാനം നല്കി.













