ഉള്ളി വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍;നാസിക്കില്‍ നിന്ന് 50 ടണ്‍ ഉള്ളി എത്തിക്കും


തിരുവനന്തപുരം : സംസ്ഥാനത്തെ ഉള്ളിയുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. നാസിക്കില്‍ നിന്ന് 50 ടണ്‍ ഉള്ളി എത്തിച്ച്‌ സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപ എന്ന നിരക്കില്‍ വിപണിയില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


നാഫെഡ് വഴിയാണ് ഉള്ളി കേരളത്തില്‍ എത്തിക്കുന്നത്. നാസിക്കില്‍ നിന്ന് സവാള വാങ്ങാനായി സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സവാളയുടെ വില രാജ്യമാകെ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കാനായി സര്‍ക്കാരിന്റെ ഇടപെടല്‍.


സവാളയുടെ വില ചില പ്രദേശങ്ങളില്‍ 80 രൂപ വരെ എത്തിയിട്ടുണ്ട്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ഉള്ളിയുടെ കയറ്റുമതി നിരോധിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഈ കാരണത്താല്‍ കേരളത്തിലേക്ക് ആവശ്യമുള്ള ഉള്ളി സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.



Sharing is Caring