കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക. ഒന്നാംപ്രതി സൂരജിനെ നാലുദിവസം കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി.
ഗൂഢാലോചന തെളിയിക്കാന്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ചാണ് പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ നാലു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് നേരത്തെ അറസ്റ്റിലായ അച്ഛന്‍ സുരേന്ദ്രനും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. അമ്മയേയും സഹോദരിയെയും വിളിച്ചു വരുത്തി നാലുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഉത്രയുടെ കൊലപാതകത്തിന്‍റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബത്തിന് പങ്കുണ്ടോയെന്ന് കണ്ടെത്തനാണിത്.

സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയിൽ കിട്ടുന്നതിന് വനം വകുപ്പ് ഉടന്‍ കോടതിയെ സമീപിക്കും. ഇരുവര്‍ക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.












