അഞ്ചൽ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും
പാമ്പുകളെ എത്തിച്ച് നൽകിയ കല്ലുവാതുക്കൽ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പു പിടുത്തക്കാരനായ സുരേഷ്, സൂരജിന്റെ സൂഹൃത്തുകൂടിയാണ്. ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കുകയായിരുന്നു. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു.കഴിഞ്ഞ മെയ് ഏഴിന് പുലർച്ചെ അഞ്ചലിലെ വീട്ടിൽ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭർതൃവീട്ടിൽ വെച്ച് മാർച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു.
തുടർച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എ സി മുറിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കല്ലമ്പലം സ്വദേശി സുരേഷിന്റെ പക്കൽ നിന്ന് പാമ്പുകളെ വാങ്ങിയ സൂരജ് രണ്ടുതവണ കൊലപാതക ശ്രമം നടത്തി.ആദ്യം അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി. ദാമ്പത്യജീവിതത്തിൽ സംതൃപ്തനല്ലാതിരുന്ന സൂരജ് ഉത്രയെ ഒഴിവാക്കി സ്വർണം കൈക്കലാക്കുന്നതിനാണ് കൊലപാതകം നടത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു.














