ഇസ്രായേലും യുനെസ്‌കോയില്‍ നിന്നും പിന്മാറി


ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ (യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍) നിന്നും ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ സംഘടന ഇസ്രായേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം. സംഘടനയില്‍ ഇനി പ്രത്യേക നിരീക്ഷക രാജ്യമെന്ന് പദവി മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.


അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്മാറ്റത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹു വ്യക്തമാക്കി.


പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് പകരം അത് തകര്‍ക്കുകയാണ് യുനെസ്‌കോ ചെയ്യുന്നത്. അസംബന്ധങ്ങളുടെ അരങ്ങായി യുനെസ്‌കോ അധപതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, യുനെസ്‌കോയില്‍ നിന്നും പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് നെതന്യാഹു നന്ദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനം എന്നാണ് അദ്ദേഹം പിന്മാറ്റത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍ പിന്മാറ്റം ഏറെ ഖേദകരമെന്ന് യുനെസ്‌കോ അധ്യക്ഷ ഇറിന ബൊക്കോവ അഭിപ്രായപ്പെട്ടു. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്ക്ക് യുഎസിന്റെ പിന്‍മാറ്റം മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

യുനസ്‌കോയില്‍ നിന്നും അമേരിക്ക പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ നിയമങ്ങള്‍ പ്രകാരം 2018 ഡിസംബര്‍ വരെ അംഗമായി തുടരേണ്ടി വരും. നേരത്തെ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കാനുള്ള യുനെസ്‌കോ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2011 ല്‍ സംഘടനയ്ക്കുള്ള ബജറ്റ് വിഹിതം അമേരിക്ക വെട്ടിക്കുറച്ചിരുന്നു.

പാലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു അമേരിക്ക സാമ്പത്തിക സഹായം പിന്‍വലിച്ചത്. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനെസ്‌കോയില്‍ നിന്ന് ഇസ്രേയേലും തങ്ങളുടെ പ്രതിനിധിയെ പിന്‍വലിച്ചിരുന്നു.



Sharing is Caring