കൽപറ്റ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ജില്ലയിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിതരണത്തിന് സജ്ജമായി. സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ നാളെ ബ്ലോക്കുകളിലെയും നഗരസഭകളിലെയും റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറും. ഇവ 29ന് സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ ബാലറ്റ് പേപ്പറുകൾ പതിച്ച് കമ്മിഷൻ ചെയ്ത ശേഷം സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. നവംബർ ഒന്നിനാണ് വിതരണം. ജില്ലയിൽ മൂന്നു നഗരസഭകളിൽ മാനന്തവാടി (36), കൽപറ്റ (28), ബത്തേരി (35) എന്നിങ്ങനെ ആകെ 99 ബൂത്തുകളിലേക്ക് ഓരോന്നു വീതം വോട്ടിങ് യന്ത്രങ്ങളുണ്ടാവും.
കൂടാതെ തകരാറോ മറ്റോ സംഭവിച്ചാൽ ഉപയോഗിക്കാൻ റിസർവും ഉണ്ടാവും. നഗരസഭകളിലേക്ക് സിംഗിൾ പോസ്റ്റ് വോട്ടിങ് മെഷിനാണ്. ഇതിൽ ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുണ്ടാവും. നാലു ബ്ലോക്കുകളിലേക്കായി മാനന്തവാടി(176), ബത്തേരി(152), കൽപറ്റ(222), പനമരം(198) എന്നിങ്ങനെ ആകെ 748 ബൂത്തുകളിലേക്കായി അത്രയും വോട്ടിങ് യന്ത്രങ്ങളുണ്ടാവും. ത്രിതല പഞ്ചായത്തിലേക്ക് മൾട്ടി പോസ്റ്റ് വോട്ടിങ് മെഷിനുമാണ് ഉപയോഗിക്കുക. ഓരോ വോട്ടിങ് യന്ത്രത്തിലും മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഉണ്ടാവും. ഇതിൽ ജില്ലാ പഞ്ചായത്തിന് ആകാശ നീലനിറം, ബ്ലോക്കിന് പിങ്ക് നിറം ഗ്രാമപഞ്ചായത്തിന് വെള്ളനിറം എന്നിങ്ങനെയാണ് വോട്ടിങ് യന്ത്രത്തിന്റെ നിറങ്ങൾ.













