ഇന്ന് ലോക ജലദിനം


കോഴിക്കോട് : ഇന്ന് ലോക ജലദിനം.ജീവന്റെ നിലനില്‍പ്പിനും നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്. പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം.


കുടിവെളളത്തിന് ജീവനേക്കാള്‍ വിലയുണ്ടെന്ന യാഥ്യാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ് ലോകം. ജലഗ്രഹമെന്ന് വിളിപ്പേര്. 70ശതമാനം വെളളത്താല്‍ ചുറ്റപ്പെട്ട ഗ്രഹം. പക്ഷെ ,ഭൂമിയിലെ ശുദ്ധജല ലഭ്യത ഇപ്പോള്‍ത്തന്നെ 3 ശതമാനമെന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ തീവ്രത ഓര്‍മ്മപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, 2030 ആകുമ്പോഴേക്കും വെളളത്തിനുളള ആവശ്യകത, വിതരണത്തേക്കാള്‍ 40 ശതമാനം കൂടും. അതായത് ഒരു കവിള്‍ വെളളത്തിനായി ലോകം ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് ഇന്ന് ചേന്നെത്തി നില്‍ക്കുന്നത്.


ജനപ്പെരുപ്പത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍ വരുത്തിവയ്ക്കുന്ന പ്രകൃതി നശീകരണവും ഇതിന്റെ ആക്കം കൂട്ടും..ലോകത്ത് ഉടന്‍ കുടിവെളളം മുട്ടുമെന്ന് ശാസ്ത്രലോകം പറയുന്ന സാവോപോളോ, ബീജിംഗ്, കെയ്‌റോ തുടങ്ങിയ മഹാ നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ അയല്‍ പ്രദേശമായ ബെംഗലൂരു കൂടി ഉണ്ടെന്നത് ഭീതിയോടെ തന്നെ ഉള്‍ക്കൊളളാം. ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്.എന്നാല്‍ കുടിവെളള സംരക്ഷണത്തിന് മുന്നേറ്റങ്ങളുണ്ടായെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറം അത് ദിനാചരണത്തില്‍ മാത്രമൊതുങ്ങുന്നുവെന്ന് മുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പശ്ചിമഘട്ടമുള്‍പ്പെടെയുളള നമ്മുടെ ജൈവ സന്പത്ത് കൂടി ചോര്‍ന്നുപോകുന്ന സന്ദര്‍ഭത്തിലാണ് , പ്രകൃതി വിഭവങ്ങളുടെ മേല്‍ കടന്നുകയറരുതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു നമ്മെ ഇത്തവണത്തെ ജലദിനം.



Sharing is Caring