ദില്ലി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വെള്ളിയാഴ്ച തന്നെ ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത് വരെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഇന്ദു മല്‍ഹോത്രയെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏപ്രില്‍ 27 നാണ് ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ഇന്ദു മല്‍ഹോത്രയ്ക്ക് പുറമെ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ കെഎം ജോസഫിനെയും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സീനിയോറിറ്റിയില്‍ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി ശുപാര്‍ശ കേന്ദ്രനിയമമന്ത്രാലയം മടക്കിയിരിക്കുകയാണ്.












