ഇന്ത്യയുടെ സൗത്ത് ഏഷ്യാ ഉപഗ്രഹം 5ന്


അയല്‍ രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ അമൂല്യ സമ്മാനമായ ‘സൗത്ത് ഏഷ്യാ’ ഉപഗ്രഹം മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ‘എല്ലാവരുമായി സഹകരണം, എല്ലാവര്‍ക്കും വികസനം’. എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മോദി പറഞ്ഞു. മന്‍ കീ ബാത് റേഡിയോ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി ഇതു പ്രഖ്യാപിച്ചത്.


എട്ട് സാര്‍ക്ക് രാജ്യങ്ങളില്‍ ഏഴ് പേരും പദ്ധതിയില്‍ പങ്കാളികളാണ്. പാക്കിസ്ഥാന്‍ പദ്ധതി നിരസിക്കുകയായിരുന്നു. അയല്‍ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ വികസനത്തിനായി നാം ശ്രമിക്കുകയും ചെയ്യുന്നു. ദക്ഷിണേഷ്യയിലെ മുഴുവന്‍ രാജ്യങ്ങളുമായുള്ള സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


പ്രകൃതി വിഭവങ്ങള്‍, ടെലി മെഡിസിന്‍, വിദ്യാഭ്യാസം, ഐടി കണക്ടിവിറ്റി തുടങ്ങിയ മേഖലകളില്‍ ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഇത്. പദ്ധതിയില്‍ പങ്കാളികളായ രാജ്യങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു.

ഇന്ത്യയെ കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇതില്‍ പങ്കാളികളായിട്ടുള്ളത്. 2014ലാണ് മോദി സാര്‍ക്ക് രാജ്യങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ ഉപഗ്രഹം വിക്ഷേപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.



Sharing is Caring