ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്ന് പാക്കിസ്ഥാന്‍ സൈന്യം. റാവല്‍പിണ്ടിയില്‍ പാക്ക് കരസേന മേധാവി ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്‍വയുടെ നേതൃത്വത്തില്‍ നടന്ന 199 കോര്‍പ് കമാന്‍ഡേഴ്സിന്റെ യോഗത്തിലാണ് ഇത്തരമൊരു നിഗമനം. രാജ്യത്തെ മൊത്തം സുരക്ഷയെപ്പറ്റിയും ഭീകരവാദത്തെ ചെറുക്കാനുള്ള നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ ഇന്ന് വിളിച്ചുവരുത്തുകയും ചെയ്തു.
ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 25 വയസുള്ള പാക്ക് പൗരന്‍ കൊല്ലപ്പെട്ടുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. നിയന്ത്രണരേഖയ്ക്ക് സമീപം കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവാണ് മരിച്ചതെന്നും പാക്കിസ്ഥാന്‍ സൈന്യം ആരോപിക്കുന്നു.

അതിനിടെ, 2016ല്‍ പാക്കിസ്ഥാനില്‍ നിന്നും 364 തവണ നുഴഞ്ഞുകയറ്റശ്രമം ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി രാജ്യസഭയെ അറിയിച്ചു. ഇതില്‍ എത്ര ശ്രമം വിജയിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയില്ല. 2015ല്‍ 121 തവണയും 2014ല്‍ 222 തവണയുമായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റശ്രമം. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.













