തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതോടെ ഗിരി, സാബിയായി മാറിയെങ്കിലും ഇന്ത്യന്‍ നാവിക സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ ഈ 30കാരിക്ക് തന്റെ യഥാര്‍ത്ഥ വ്യക്തിത്വം ലോകത്തെ അറിയിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഏഴ് വര്‍ഷം മുമ്പാണ് സാബി നാവിക സേനയുടെ ഭാഗമാകുന്നത്.
നേവിയിലെത്തിയതോടെ നേവി ഡോക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് 22 ദിവസത്തെ അവധിയെടുത്ത് രഹസ്യമായി സാബി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. എന്നാല്‍ മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്ന സാബിയ്ക്ക് തന്റെ ലിംഗമെന്തെന്ന് വെളിപ്പെടുത്തേണ്ടിവന്നു.
കടുത്ത മാനസിക സംഘര്‍ഷങ്ങളുടെ ദിനങ്ങളിലേക്കാണ് താന്‍ ചെന്നുവീണതെന്ന് സാബി പറയുന്നു. നേവി ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡിലായിരുന്നു സാബിയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂറും കാവലിന് പുരുഷന്മാരായ സൈനിക ഉദ്യോഗസ്ഥരും. ജയിലിന് സമാനമായിരുന്നു ആശുപത്രിയിലെ അന്തരീക്ഷമെന്ന് സാബി ഓര്‍ക്കുന്നു.

നേവിയില്‍ ജോലിചെയ്യാന്‍ പര്യാപ്തയല്ലെന്ന് പറഞ്ഞ് സാബിയെ മാനസികമായി മേലുദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും സാബി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
പ്രതിരോധ മന്ത്രാലയത്തില്‍ കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഡിവിഷണല്‍ ഓഫീസറൈ സമീപിക്കാനായിരുന്നു അവിടെ നിന്നുള്ള നിര്‍ദ്ദേശം. ഇന്ത്യന്‍ നേവിയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ് ജെന്ററെ സേനയിലെടുക്കാനാവില്ലെന്നാണ് സാബിക്ക് ലഭിക്കുന്ന വിശദീകരണം. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുകൊണ്ട് മാത്രം ഒരാളെങ്ങനെ ഇന്ത്യന്‍ സൈന്യത്തിന് സൈനികനല്ലാതാകുന്നുവെന്നും സാബി ചോദിക്കുന്നു. എന്തായാലും തന്റെ ജോലി നിലനിറുത്താന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സാബി.













