ഇന്ത്യ-ശ്രീലങ്ക പരമ്പര; ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍


ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. അനില്‍ കുംബ്ലെയെ ഒഴിവാക്കി രവിശാസ്ത്രിയെ മുഖ്യപരിശീലകനായി നിയമിച്ചശേഷം നടക്കുന്ന ആദ്യ പരമ്പരയാണിത്. ഏറെ പ്രതീക്ഷയോടെയാണ് വിരാട് കോഹ്‌ലിയും സംഘവും ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. അതേസമയം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ശ്രീലങ്കയും. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20 യും ഉള്‍പ്പെടുന്നതാണ് പരമ്പര.


മികച്ച ഫോമിലാണ് വിരാട് കൊഹ്‌ലിയും സംഘവും. കരുത്തുറ്റ ബാറ്റിങ് ലൈനപ്പാണ് ടീം ഇന്ത്യയുടെ കൈമുതല്‍. എന്നാല്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. വൈറല്‍ പനി ബാധിച്ചതാണ് രാഹുല്‍ കളിക്കാത്തതിന് കാരണം. രാഹുലിന്റെ അഭാവം ഇന്ത്യക്ക് നേരിയ തിരിച്ചടിയാകാനാണ് സാധ്യത.


ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് പരിക്ക് കാരണം ഓപ്പണര്‍ മുരളി വിജയിയും പുറത്തായിരുന്നു. ഒന്നാം ടെസ്റ്റില്‍ ശിഖര്‍ ധവാനും അഭിനവ് മുകുന്ദുമായിരിക്കും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. ഒരു ഇടവേളക്കുശേഷം രോഹിത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ബാറ്റിങ്ങില്‍ ടീമിന്റെ നട്ടെല്ല്. പേസ് ആക്രമണം നിയന്ത്രിക്കുന്നത് പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസ് ബൗളിങിലെ കരുത്തര്‍.

സ്പിന്നര്‍മാരായി ആര്‍. അശ്വിനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും. കരുത്തുറ്റ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ എങ്ങനെ തടുത്തുനിര്‍ത്താമെന്ന ചിന്തയിലാണ് ശ്രീലങ്കന്‍ താരങ്ങള്‍.
സിംബാബ്‌വെയെ ടെസ്റ്റില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍ ഒരുങ്ങുന്നത്. സിംബാബ്‌വെക്കെതിരെ തിളങ്ങിയ അസേല ഗുണരത്‌നയുടെ ഫോം ലങ്കയ്ക്ക് മുതല്‍ക്കൂട്ടാകും.

ന്യൂമോണിയ പിടിപ്പെട്ട ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ ആദ്യടെസ്റ്റില്‍ കളിക്കാത്തത് ടീമിന് പ്രഹരമാണ്. കരുണരത്‌നെ, ഉപുല്‍ തരംഗ, കുശാല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ഡിക്ക്‌വെല്ല, കുശല്‍ പെരേര തുടങ്ങിയവരാണ് ബാറ്റിങ്ങിലെ കരുത്തര്‍. ലക്മല്‍, ഹെറാത്ത്, ലഹിരു കുമാര, ദില്‍രുവാന്‍ പെരേര എന്നിവരായിരിക്കും ബൗളിങ് നയിക്കുക. ഏഴ് ബാറ്റ്‌സ്മാന്‍മാരും നാലും ബൗളര്‍മാരും അടങ്ങുന്നതാകും ലങ്കന്‍ ഇലവന്‍.



Sharing is Caring