മുംബൈയുടെ ആദ്യ മത്സരങ്ങളില്‍ ഓപ്പണറായി എവിന്‍ ലൂയിസിനൊപ്പം ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മ മികച്ച ഫോം കണ്ടെത്താനാകാതെ നാലാം നമ്പറിലേക്ക് മാറുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായും പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ നാലാം നമ്പറിലും ഇറങ്ങിയ രോഹിത് കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് വന്നിരുന്നു. മുംബൈ കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ച രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്. ക്യാപ്റ്റന്റെ പ്രകടനത്തെ ഏറെ മുംബൈ ആശ്രയിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. രാജസ്ഥാന് റോയല്‍സിനെതിരെ അഞ്ചാം നമ്ബറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.
എന്നാല്‍ ചെന്നൈയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലെത്തി അര്‍ദ്ധ ശതകം നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ഇനിയുള്ള മത്സരങ്ങളില്‍ മൂന്നാം നമ്ബറില്‍ ഇറങ്ങുമെന്നാണ് സഹതാരം സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലെ പോലെ മൂന്നാം നമ്പറിലെ ഓപ്പണിങ്ങിലോ രോഹിത്തിനെ പരീക്ഷിക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിക്കുന്നെന്നാണ് അറിയുവാന്‍ കഴിയുന്നത്.
രോഹിത് ശര്‍മ്മ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് താരം എവിന്‍ ലൂയിസിനു ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കാം. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.