റായ്പൂര്‍: റഫേല്‍ വിവാദത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ അഴിമതി സംബന്ധിച്ച് താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘റഫേല്‍ വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. സംവാദത്തിനായി എവിടെയും എത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, അനില്‍ അംബനിയെയും എച്ച്.എ.എല്ലിനെ കുറിച്ചും, ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും രാഹുല്‍ പറഞ്ഞു.
15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ ഒഴിവുകള്‍ പൂര്‍ണമായും നികത്തുമെന്നും, ജോലി പുറം കരാര്‍ നല്‍കുന്നത് അവസാനിപ്പുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡ് രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കും.














