ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയില്‍ ഡ‌െമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം


വാഷിംഗ്ടന്‍:അമേരിക്കയില്‍ കഴിഞ്ഞദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം.


സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്സില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്സിനാണ് വിജയം. അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രെഗ് പെന്‍സ് വിജയിച്ചു. ഡെമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്.


ന്യൂജഴ്സിയിലും ജയം ഡെമോക്രാറ്റുകള്‍ക്കാണ്. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു. പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ച്‌ വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എന്‍.എന്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്. ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വോട്ടിംഗ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫലസൂചനകളും അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.



Sharing is Caring