അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പുരോഗമിച്ചു വരുന്നു.
അന്വേഷണ പരിധിയില്‍ ട്രംപിന്റെ അഭിഭാഷകന് റൂഡി ഗിലാനിയെയും ഉള്‍പ്പെടുത്തി. റൂഡിയോട് ട്രംപുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഹാജരാക്കാന്‍ പ്രതിനിധി സഭ ഉത്തരവിട്ടു.
പ്രതിനിധി സഭ റൂഡി ഗിലാനിയോട് ഉത്തരവിട്ടിരിക്കുന്നത് വിദേശനേതാക്കളുമായുള്ള ട്രംപിന്റെ ആശയ വിനിമയങ്ങളുടെ രേഖകള്‍ ഹാജരാക്കാനാണ്. ട്രംപിനെതിരെയുള്ള ഉത്തരവ് ഇന്റലിജന്‍സ്, വിദേശകാര്യം ഓവര്‍സൈറ്റ് എന്നീ കമ്മിറ്റികള്‍ ചേര്‍ന്നാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ ഡെമോക്രാറ്റുകള്‍ റൂഡിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിനിധി സഭ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടത്തിന്റെ ഉക്രെയിനുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് ഡെമോക്രാറ്റുകള്‍ ഉത്തരവിട്ടിരുന്നു. പോംപിയോക്ക് ഒരാഴ്ചയാണ് സമയപരിധി നല്‍കിയിരുന്നത്. എന്നാല്‍ ഉത്തരവിനോട് ഇതുവരെ പോംപിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതോടെ ട്രംപുമായി ബന്ധമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രെയ്ന് പ്രസിഡന്റെ വ്ളാഡിമര്‍ സെലന്‍സ്കിയോട് ആവശ്യപ്പെട്ടു എന്നാരോപിച്ച്, കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇംപീച്ച്മെന്റ്് ഉത്തരവിട്ടതിന് പിന്നാലെ ട്രംപ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ഡെമോക്രാറ്റുകള്‍ ആരോപണങ്ങള്‍ക്ക് ശക്തി കുട്ടിയുരുന്നു.













