‘ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണം’; മെട്രോ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു


മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നും ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളേയും എംഎല്‍എയേയും മാറ്റി നിര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പട്ടിക പുറത്തുവന്നതോടെയാണ് പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടത്. കൊച്ചി മെട്രോ ഉപദേശകനായ മെട്രോമാന്‍ ഇ ശ്രീധരനേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും സ്ഥലം എംഎല്‍എ പിടി തോമസിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പട്ടികയിലാണ് മെട്രോമാന്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളെയടക്കം ഒഴിവാക്കിയത്. പിടി തോമസ് എംഎല്‍എയ്ക്കും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഏഴ് പേരാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുക. സംസ്ഥാനം നല്‍കിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് 7 പേരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ഗതാഗതമന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍, എംപി കെവി തോമസ് എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തും.




Sharing is Caring