ആഫ്രിക്കന്‍ കരുത്തര്‍ ഇന്ന് നേര്‍ക്കു നേര്‍


അണ്ടര്‍ 17 ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ആഫ്രിക്കന്‍ ശക്തികളായ നൈജറും ഘാനയും ഇന്ന് കൊമ്പ് കോര്‍ക്കും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് ജയവുമായാണ് ഘാന എത്തുന്നത്.
കൊളംബിയക്കെതിരേ ഒരു ഗോളിന് ജയിച്ച ഘാന ഇന്ത്യയെ നാലു ഗോളുകള്‍ക്ക് തറപറ്റിച്ചിരുന്നു. അതേ സമയം ഗ്രൂപ്പ് മത്സരത്തില്‍ ഒരു വിജയം മാത്രമാണ് നൈജറിന് നേടാനായത്. ആദ്യ മത്സരത്തില്‍ കൊറിയയെ ഒരു ഗോളിനാണ് നൈജര്‍ പരാജയപ്പെടുത്തിയത്.
രണ്ടാം മത്സരത്തില്‍ സ്‌പെയിനിനോട് നാലു ഗോളിന് തോല്‍ക്കുകയും ചെയ്തിരുന്നു. അവസാന മത്സരത്തില്‍ ബ്രസീലിനോട് രണ്ടും ഗോളിന് പരാജയപ്പെട്ടെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ടീം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇരുടീമുകളും ആഫ്രിക്കയില്‍ നിന്നുള്ള തുല്യ ശക്തികളായതിനാല്‍ വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകും.
ഇന്ത്യയെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഘാന തികഞ്ഞ ആത്മവിശ്വാസവുമായിട്ടാണ് കളത്തിലിറങ്ങുന്നത്. പ്രതിരോധം കൊണ്ടും വേഗതകൊണ്ടും കൂടുതല്‍ മികവുള്ള ഘാന റിച്ചാര്‍ഡ് ഡാന്‍സോ, എറിക് അയിഹാ എന്നീ മുന്നേറ്റ താരങ്ങളെ കളത്തിലിറക്കി മുന്നേറ്റ നിരക്ക് മൂര്‍ച്ച കൂട്ടാനാണൊരുങ്ങുന്നത്. അതേ സമയം പ്രതിരോധ നിരയില്‍ ജോണ്‍ ഓടു, യാക്കൂബ്, ആര്‍ക്കൊ മെന്‍സ് എന്നിവരെ അണിനിരത്തി പാളിച്ചകള്‍ക്കും പരിഹാരം കാണുകയാണ് അവരുടെ ലക്ഷ്യം.
14 വയസുകാരന്‍ ഡന്‍ലാഡ് ഇബ്രാഹിമിന്റെ ചോരാത്ത കൈ കൂടി ചേരുന്നതോടെ നൈജറിന് ജയിക്കണമെങ്കില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. ഒരു മത്സരത്തില്‍ മാത്രം വിജയിച്ച നൈജര്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ കളത്തിലിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ മത്സരം.




Sharing is Caring