ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു


മാങ്കൊമ്പ് : ആലപ്പുഴ മാങ്കൊമ്പില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. ഉത്സവസ്ഥലത്തുനിന്ന് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പാപ്പാന് ചവിട്ടേറ്റത്. ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ മകന്‍ അനൂപ് (31) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ എ.സി.റോഡില്‍ മാമ്പുഴക്കരി പാലത്തിനു സമീപമാണ് സംഭവം.


ലോറിയുടെ പിന്‍ഭാഗത്ത് ആനയുടെ തൊട്ടടുത്ത് പ്രത്യേകം തയ്യാറാക്കിയ ബെഞ്ചില്‍ കിടന്നുറങ്ങുന്നതിനിടെ അനൂപ് അബദ്ധത്തില്‍ ആനയുടെ കാലിനടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാനെ ചവിട്ടിയതോടെ ആന ബഹളംകൂട്ടി. ഇതോടെ ലോറിയുടെ മുന്നിലിരുന്നവര്‍ ഇറങ്ങി നോക്കിയപ്പോഴാണ് ചവിട്ടേറ്റ് കിടക്കുന്ന അനൂപിനെ കാണുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ചേര്‍ത്തലയ്ക്ക് വടക്ക് ഉത്സവസ്ഥലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോഴാണ് അപകടം. തിരുവല്ല സ്വദേശിയുടേതാണ് ആന. അനൂപ് ഒന്നാം പാപ്പാനാണ്. രാമങ്കരി പോലീസ് മേല്‍നടപടി സ്വീകരിച്ചു. അമ്മ: ശാന്തമ്മ. സഹോദരങ്ങള്‍: അനീഷ്, അനു. ശവസംസ്‌കാരം നടത്തി.



Sharing is Caring