കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേര് കൂടി കസ്റ്റഡിയില്‍. എസ്ഡിപിഐ, കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. കേസിലെ മുഖ്യപ്രതിയായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാല് പേരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം പരിശോധനക്കിടെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, കാമ്ബസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ കാമ്ബസ്ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്കമാക്കിയിരുന്നു.