അസം പൊതുപരീക്ഷാ തട്ടിപ്പ് : 26 ഉദ്യോഗസ്ഥരുടെ കൈയക്ഷരം പരിശോധിച്ചു


അസം പിഎസ്എസി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനം ലഭിച്ച 26 ഉദ്യോഗസ്ഥരുടെ കൈയക്ഷര പരിശോധന ഗുവാഹട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നടന്നു.
അസം പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ 2015 ല്‍ നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ജോലി നേടിയ 26 പേരായിരുന്നു നിയമനത്തെ കുറിച്ച്‌ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരുടെ കൈയെഴുത്ത് പരീക്ഷയാണ് നടന്നത്. അസം സിവില്‍ സര്‍വീസിലെ 13 പേരും, അസം പോലീസ് സര്‍വീസിലെ ഏഴ് പേരും മറ്റ് വിവിധ വകുപ്പുകളില്‍ പെട്ട ആറ് പേരുടെയും കൈയെഴുത്ത് പരിശോധനയാണ് നടന്നത്.
2015 ല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ 250 പേരെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ദന്തരോഗ വിദഗ്ധയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കമ്മിഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റിലായതോടെയാണ് സംഭവത്തിന് പിന്നിലെ അഴിമതി പുറത്ത് വന്നത്. തുടര്‍ന്ന് അസം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍(എ.പി.എസ്.സി) ചെയര്‍മാന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെയര്‍മാന്‍ രാകേഷ് കുമാറിന്റെ ഗുവാഹാട്ടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് രണ്ട് സെറ്റ് ഉത്തരക്കടലാസുകളും പിടിച്ചെടുത്തിരുന്നു. എ.പി.എസ്.സി ഓഫീസില്‍ നടന്ന പരിശോധനയില്‍ ഉത്തരക്കടലാസിന്റെ ആയിരം പകര്‍പ്പുകളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് നിയമാനുസൃതമായി അല്ലാതെ നിയമനം നേടിയെന്ന് കരുതുന്ന 26 പേരെ വിളിച്ച് വരുത്താന്‍ പോലീസ് തീരുമാനിച്ചത്. 40 ലക്ഷം രൂപ വരെ ചെയര്‍മാന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.




Sharing is Caring