അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്


റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്. പല്‍ഗര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്ന കേസില്‍ ഏപ്രില്‍ 28നാണ് മുംബൈ പൊലീസ് അന്വേഷണസംഘം അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്.


അര്‍ണബിനെതിരെ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച നടപടിയേയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരിഷ് സാല്‍വെ വാദത്തിനിടെ ചോദ്യം ചെയ്തു. ഏപ്രില്‍ 14ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം തൊഴിലാളികള്‍ പ്രതിഷേധിച്ചതിന് അടുത്തുള്ള മുസ്‌ലിം പള്ളിയുമായി ചേര്‍ത്ത് വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ചെന്നായിരുന്നു പുതിയ കേസ്. തന്റെ കക്ഷിക്കെതിരായ ഭീഷണിയായാണ് ഹരീഷ് സാല്‍വെ ഈ പരാതിയെ സുപ്രീംകോടതിയില്‍ അവതരിപ്പിച്ചത്.




Sharing is Caring