ന്യൂഡല്‍ഹി: ബാങ്ക് വായ്പകളില്‍ അമ്പത് കോടിക്കു മുകളിലുള്ളവയ്ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി ധനകാര്യമന്ത്രാലയം. വായ്പ എടുക്കുന്നവരില്‍ നിന്ന് പാസ്പോര്‍ട്ടിന്റെ പകര്‍പ്പു കൂടി അപേക്ഷയോടൊപ്പം ശേഖരിക്കണമെന്ന് ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
വായ്പയെടുക്കുന്നവര്‍ 45 ദിവസത്തിനകം പാസ്പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത് തട്ടിപ്പുകാര്‍ക്കെതിരേ ഉടനടി നടപടിയെടുക്കാന്‍ സഹായിക്കും. അതോടൊപ്പം ഇവര്‍ രാജ്യം വിടുന്നത് തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.













