അമേരിക്ക ,റഷ്യ, ചൈന രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശവുമായി യുഎന്‍ മനുഷ്യാവകാശ സമിതി


ജനീവ : ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങള്‍ അമേരിക്ക ,റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശവുമായി യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ രംഗത്ത്.


മനുഷ്യരെ കൊല്ലുന്ന പ്രവര്‍ത്തികളില്‍ ദുഖം രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ തലവന്‍ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ സ്ഥിരം സമിതി അംഗങ്ങള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. വീറ്റോ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുകയാണ് ഈ രാജ്യങ്ങളെന്നായിരുന്നു സെയ്ദ് റാദ് അല്‍ ഹുസൈന്റെ ആരോപണം.


നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഹുസൈന്‍ തന്‍റെ അവസാന ഔദ്യോഗിക പ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശം നടത്തിയിരിക്കുന്നത്. വീറ്റോ അധികാരം ഉപയോഗിക്കുന്നത് ഏകീകൃതമായ എന്തെങ്കിലും പ്രവര്‍ത്തനം ആവശ്യമായി വരുമ്ബോള്‍ അത് തടയാനാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ ഘൌത്ത, കോംഗോയിലെ കസായി പ്രദേശങ്ങള്‍, യെമന്‍, മ്യാന്‍മറിലെ റാഖിന്‍ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ സമിതി തലവന്‍റെ പരാമര്‍ശം.



Sharing is Caring