അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണം: സുപ്രീംകോടതി


രാജ്യത്തുടനീളം പൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കാത്തതിനെതിരെ സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം. അധികൃതര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോടതിക്കറിയാം. ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. അനധികൃതനിര്‍മാണം അനുവദിക്കാന്‍ അധികൃതര്‍ക്ക് യാതൊരു അവകാശവുമില്ല. വഴിയില്‍ തടസ്സമുണ്ടാക്കാന്‍ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് ദൈവത്തെ അവഹേളിക്കലാണ്- ബെഞ്ച് നിരീക്ഷിച്ചു. അനധികൃതമായി നിര്‍മിച്ച എത്ര അമ്പലങ്ങളും ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുമുണ്ടെന്നതിന്റെ കണക്കെവിടെയെന്ന് കോടതി ചോദിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് ‘കോള്‍ഡ് സ്റ്റോറേജില്‍’ വെക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവും നല്‍കി. അല്ലാത്തപക്ഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടിവരും. നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട്, അതിന്റെ വെരിഫിക്കേഷന്‍ തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിലുണ്ടാവണമെന്നും അത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. പട്വാലിയയ്ക്ക് നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മെയ് രണ്ടാം വാരത്തിലേക്ക് മാറ്റി.




Sharing is Caring