അങ്ങനെ പറഞ്ഞിട്ടില്ല, ശ്രമിക് ട്രെയിന്‍ വിവാദത്തില്‍ അമിത്ഷായ്ക്ക് മറുപടിയുമായി മമത ബാനര്‍ജി


കൊല്‍ക്കത്ത : അന്യസംസ്ഥാന തൊഴിലാളികളെ തിരികെ സ്വദേശങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ ‘കൊറോണ എക്‌സ്പ്രസ്’ എന്ന് വിളിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ശ്രമിക് ട്രെയിനുകളെ ‘കൊറോണ എക്‌സ്പ്രസ്’ എന്ന് മമത ബാനര്‍ജി ആക്ഷേപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ വിര്‍ച്വല്‍ റാലിക്കിടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മമതയുടെ പ്രസ്താവന.


അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ കൊറോണ എക്സ്പ്രസ് എന്ന് വിളിച്ച മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വഴിയൊരുങ്ങിയതായി അമിത് ഷാ പറഞ്ഞിരുന്നു . മമത തൊഴിലാളികളുടെ മുറിവില്‍ ഉപ്പുപുരട്ടി. ബംഗാള്‍ ഭരണത്തില്‍നിന്ന് മമതയുടെ പുറത്തേക്കുള്ള പോക്കിന് ഇത് വഴിതുറക്കും. ബംഗാളില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കും എന്നും അമിത് ഷാ പറഞ്ഞു.


എന്നാല്‍ പൊതുജനങ്ങള്‍ കൊറോണ എക്സ്പ്രസ് എന്നു പറയുന്നുെന്നാണ് താന്‍ പറഞ്ഞതെന്ന് മമത വ്യക്തമാക്കി.

നേരത്തെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബംഗാള്‍ അനാസ്ഥ കാട്ടുന്നതായും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും കേന്ദ്രം ആരോപിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കുളള ട്രെയിന്‍ സര്‍വീസിന് ബംഗാളില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കേന്ദ്രം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രവും പശ്ചിമബംഗാളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.



Sharing is Caring