ഈ വര്‍ഷം ലോക വേദിയില്‍ രാജ്യത്തിന്‍റെ അഭിമാനകരമായ നേട്ടങ്ങളിലേക്ക് ഷട്ടില്‍ പറത്തിയ ബാഡ്മിന്റന്‍ താരങ്ങള്‍ ഇപ്പോള്‍ മറ്റൊരു വലിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
ജപ്പാനിലെ ടോക്കിയോയില്‍ ലോക ബാഡ്മിന്റന്‍ ചാമ്ബ്യന്‍ഷിപ്പ് ആരംഭിക്കുമ്ബോള്‍ 26 ഇന്ത്യക്കാരാണ് മത്സരരംഗത്തുള്ളത്. ഇന്ന് രാവിലെ 5.30ന് മത്സരങ്ങള്‍ ആരംഭിച്ചു.

2011 മുതല്‍ കഴിഞ്ഞ ഒമ്ബത് ലോക ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേടിയതിന്റെ റെക്കോര്‍ഡാണ് ഇന്ത്യയെ മോഹിപ്പിക്കുന്നത്. 2019 ല്‍ വനിതാ സിംഗിള്‍സ് ജേതാവായ പി വി സിന്ധുവാണ് ലോക ചാപ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ ഒരേയൊരു സ്വര്‍ണ ജേതാവ്. സിന്ധുവിന്‍റെ അഭാവം ഇത്തവണ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമടക്കം അഞ്ച് മെഡലുകള്‍ നേടിയ താരം കാല്‍ക്കുഴയ്ക്കേറ്റ പരുക്കിനെത്തുടര്‍ന്നു പിന്‍വാങ്ങുകയായിരുന്നു.
സിന്ധുവിന്‍റെ അഭാവത്തില്‍ പുരുഷ സിംഗിള്‍സ് താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും കഴിഞ്ഞ ചാമ്ബ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ ലക്ഷ്യ സെന്‍ ആണ് റാങ്കിംഗില്‍ മുന്നില്‍. കഴിഞ്ഞ ചാമ്ബ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കിഡംബി ശ്രീകാന്തും ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച എച്ച് എസ് പ്രണോയിയും പുരുഷ സിംഗിള്‍സില്‍ മത്സരിക്കും.












