വനിതാ ഫുട്‌ബോള്‍ ലോകകപ്പ് :പാനമയെ നാല്‌ ഗോളിന്‌ തകര്‍ത്ത്‌ ബ്രസീല്‍


അഡ്ലെയ്ഡ് മാര്‍ത്തയുടെ പിൻഗാമിയായി അറി ബോര്‍ജെസ് കളംവാണ രാത്രിയില്‍ ബ്രസീലിന് ഗോള്‍മഴ. വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ പാനമയെ നാല് ഗോളിന് തകര്‍ത്ത് ബ്രസീല്‍ തുടങ്ങി.


ലോകകപ്പിലെ അരങ്ങേറ്റക്കളിയില്‍ ഹാട്രിക് അടിച്ച്‌ ബോര്‍ജെസ് ബ്രസീലിന്റെ താരോദയമായി. മറ്റൊരു കളിയില്‍ ജര്‍മനി മൊറോക്കോയെ ആറ് ഗോളിന് നിലംപരിശാക്കി. ഇറ്റലി അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തി.


ലോകകപ്പില്‍ ഇതുവരെ കിരീടം നേടാനാകാത്ത ബ്രസീല്‍ ഇക്കുറി ഒരുങ്ങിയാണ് ഇറങ്ങിയത്. ഗ്രൂപ്പ് എഫിലെ ആദ്യകളിയില്‍ പാനമയോട് ഒരു ദയയും മഞ്ഞപ്പട കാട്ടിയില്ല. കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പാനമ ഗോള്‍മേഖലയില്‍ ബ്രസീല്‍നിര തമ്ബടിച്ചു.

അരമണിക്കൂര്‍ തികയുംമുമ്ബ് ആദ്യഗോളെത്തി. ദെബീന്യയുടെ ക്രോസ്, ബോര്‍ജെസിന്റെ ഹെഡര്‍. പാനമ ഗോള്‍ കീപ്പര്‍ യെനിത് ബെയ്ലിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇടവേളയ്ക്ക് തൊട്ടുമുമ്ബ് മറ്റൊരു ക്രോസുമെത്തി. ഇക്കുറി ബോര്‍ജെസിന്റെ ഹെഡര്‍ ബെയ്ലി തട്ടിയകറ്റി. പക്ഷേ, പന്ത് വീണത് ബ്രസീല്‍ മുന്നേറ്റക്കാരിയുടെ കാലില്‍. കരുത്തുറ്റ ഷോട്ട് വല കയറി.

മൂന്നാമത്തേത് ഇടവേളയ്ക്ക് തൊട്ടുമുമ്ബായിരുന്നു. ക്രോസ് കൃത്യമായി ബോക്സില്‍. ബോര്‍ജെസ് അത് പിടിച്ചെടുത്തു. അടിതൊടുക്കുന്നതിന് പകരം പിന്നിലേക്ക് തട്ടിയിട്ടു. ഹാട്രിക്കിന് ശ്രമിക്കാതെ കൂട്ടുകാരി ബിയ സനേരറ്റയ്ക്ക് ഗോള്‍ നേടാൻ അവസരം നല്‍കുകയായിരുന്നു ഇരുപത്തിമൂന്നുകാരി.

കളി അവസാനിക്കാൻ 20 മിനിറ്റ് ശേഷിക്കെ ബോര്‍ജെസ് അര്‍ഹിച്ച ഹാട്രിക് സ്വന്തമാക്കി. ഗെയ്സെയുടെ കൃത്യതയുള്ള ക്രോസില്‍ തലവച്ചായിരുന്നു ഹാട്രിക് പൂര്‍ത്തിയാക്കിയത്. ലോകകപ്പ് അരങ്ങേറ്റത്തില്‍ ഹാട്രിക് നേടുന്ന ആദ്യ ബ്രസീല്‍ താരമാണ്.

അഞ്ച് മിനിറ്റുശേഷം ഇതിഹാസതാരം മാര്‍ത്തയ്ക്കായി വഴിയൊരുക്കി ബോര്‍ജെസ് കളംവിട്ടു. മാര്‍ത്തയുടെ ആറാം ലോകകപ്പാണിത്. അവസാന നിമിഷം ഫ്രീകിക്ക് കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.



Sharing is Caring