
കൊച്ചി: എയര്‍ ഇന്ത്യയുടെ രണ്ടു സബ്സിഡിയറി എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിത ഉപഭോക്തൃ മുഖമായ എയര്‍ ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോം അവതരിപ്പിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്ദര്‍ശകരുടെ കാര്യത്തില്‍ വന്‍ വര്‍ധനവു രേഖപ്പെടുത്തി. പുതിയ വെബ്സൈറ്റില്‍ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍ 125 ശതമാനം വര്‍ധനവുണ്ടായി. ആദ്യ ദിനത്തില്‍ തന്നെ അന്താരാഷ്ട്ര ഫ്ളൈറ്റ് വരുമാനത്തിന്‍റെ കാര്യത്തില്‍ 25 ശതമാനത്തിലേറെയും ഈ സംവിധാനത്തിലൂടെ നേടി.
എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാര്‍ ബുക്കിങ്, റിസര്‍വേഷന്‍ തുടങ്ങിയവയ്ക്കായി എയര്‍ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോം എന്ന പുതിയ വെബ്സൈറ്റാണ് സന്ദര്‍ശിക്കുന്നത്. ഇരു എയര്‍ലൈനുകളുടേയും സംയോജനത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. എയര്‍ഏഷ്യ ഇന്ത്യയുടെ വെബ്സൈറ്റ് പ്ലാറ്റ്ഫോമില്‍ ടാറ്റാ ഡിജിറ്റലിന്‍റെ പിന്തുണയോടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് എയര്‍ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോം വികസിപ്പിച്ചത്. മെച്ചപ്പെട്ട രീതിയിലെ ബുക്കിങ്, പിന്തുണ, സഞ്ചാര അനുഭവങ്ങള്‍ തുടങ്ങിയവയാണ് ഈ സംവിധാനത്തിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

ഇരു എയര്‍ലൈനുകളുടേയും വാണിജ്യ സംവിധാനങ്ങള്‍ പൂര്‍ണമായി ഏകീകരിക്കുന്ന പൊതു റിസര്‍വേഷന്‍, ചെക്ക് ഇന്‍ സംവിധാനങ്ങളിലേക്കു കടക്കുന്നതിനു വഴിയൊരുക്കുന്നതാണ് പുതിയ വെബ്സൈറ്റിന്‍റെ അവതരണം. പൊതു റിസര്‍വേഷന്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ചതിനു ശേഷം എയര്‍പോര്‍ട്ടുകളിലെ പൊതുവായ ചെക്ക് ഇന്‍ സംവിധാനത്തിലേക്കു കടക്കുന്നതിനാവും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര ടെര്‍മിനലുകളിലും തുടര്‍ന്ന് വിദേശങ്ങളിലും ഇതു ഘട്ടം ഘട്ടമായി നടപ്പാക്കും.
എയര്‍ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോമിലെ ബുക്കിങുകളില്‍ ഏതാണ്ട് പകുതിയോളം അന്താരാഷ്ട്ര വിപണികളില്‍ നിന്നാണ് വന്നത്. ദുബായ് ആണ് ഏറ്റവും കൂടുതല്‍ ട്രാഫിക് നല്‍കിയത്. അബുദാബി, ദോഹ, ഷാര്‍ജ, സിംഗപ്പൂര്‍ തുടങ്ങിയവയായിരുന്നു പിന്നാലെ. ബെംഗലൂരു, ഡെല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ വിപണികളില്‍ നിന്ന് ആഭ്യന്തര നെറ്റ് വര്‍ക്കുകളിലും ട്രാഫിക് ഉണ്ടായി.
സംയോജനത്തിന്‍റെ ഭാഗമായി ബ്രാന്‍ഡ് കമ്യൂണിക്കേഷനും സപ്പോര്‍ട്ടും ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ പൊതുവായ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളിലേക്കു മാറി. എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന സോഷ്യല്‍ റെപ്യൂട്ടേഷന്‍ സ്കോര്‍ ലഭിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സംയോജിത സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കാണെന്ന് ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്മെന്‍റ് ടൂളുകള്‍ സൂചിപ്പിക്കുന്നു. ആധുനീക നിര്‍മിത ബുദ്ധി അധിഷ്ഠിത സംവേദനങ്ങളും വിവിധ ഭാഷാ ചാറ്റ്ബോട്ടായ ടിയയും മുഴുവന്‍ സമയവും തടസങ്ങളില്ലാത്ത ഉപഭോക്തൃ പിന്തുണയാണ് പൊതു വാട്ട്സാപ് നമ്പര്‍, ഫെയ്സ്ബുക്ക് മെസഞ്ചര്‍, പൊതു വെബ്സൈറ്റ് എന്നിവയിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്.
ഇതേ സംവിധാനത്തില്‍ തന്നെയുള്ള ട്രാവല്‍ ഏജന്‍റ് പോര്‍ട്ടല്‍ വഴി കോര്‍പറേറ്റ്, റീട്ടെയില്‍ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് സവിശേഷമായ സൗകര്യങ്ങളും നല്‍കുന്നു. ഓട്ടോമേറ്റഡ് ഫണ്ട് അപ് ലോഡ് സൗകര്യം, മാനുഷിക ഇടപെടല്‍ ഒഴിവാക്കല്‍ തുടങ്ങിയവയും ഇതിലുണ്ട്. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഈ സംവിധാനം നിരക്കുകള്‍ കണ്ടെത്തുന്നതു മുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതു വരെ സാധ്യമാക്കി ട്രാവല്‍ ഏജന്‍റുമാര്‍ക്ക് വ്യക്തിഗത, ഗ്രൂപ് ബുക്കിങുകള്‍ ലളിതമായി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റേയും എയര്‍ഏഷ്യ ഇന്ത്യയുടേയും സംയോജനത്തിന്‍റെ ആദ്യഘട്ടം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. ആധുനീക സാങ്കേതികവിദ്യയിലേക്കു തങ്ങള്‍ വിജയകരമായി കടന്നു കഴിഞ്ഞു. പുതിയ വെബ്സൈറ്റിനു തുടക്കത്തിലേ ലഭിച്ച പ്രതികരണം തങ്ങള്‍ക്ക് ഏറെ ആവേശം പകരുന്നു. എയര്‍ഇന്ത്യ നെറ്റ് വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനുളള തങ്ങളുടെ ലക്ഷ്യത്തിന് സംയോജിത ഉപഭോക്തൃ അനുഭവങ്ങള്‍ ഏറെ സഹായകമാണ്. സവിശേഷമായ കൂടുതല്‍ സൗകര്യങ്ങളും സംയോജിത സേവനങ്ങളും വഴി കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള അനുഭവങ്ങള്‍ നല്‍കാനും ഉപഭോക്താക്കളുടെ മനസിലെ തങ്ങളുടെ സ്ഥാനം ഉയര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ഏഷ്യ ഇന്ത്യ രാജ്യത്തെ 19 കേന്ദ്രങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യന്‍ പട്ടണങ്ങളില്‍ നിന്ന് 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുമാണ് ഇപ്പോള്‍ പറക്കുന്നത്.
