140 കോടി ഇന്ത്യക്കാർ പ്രാർഥനയോടെ കാത്തിരിക്കുകയാണ്. ബഹിരാകാശ നിലയം സന്ദർശിച്ച് മടങ്ങുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലണയുന്ന നിമിഷം വരെ ഓരോ ഇന്ത്യക്കാരന്റെയും മനസ്സ് അവർക്കായി മന്ത്രിച്ചുകൊണ്ടേയിരിക്കും.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഇവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം, ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് മൂന്ന് മണിയോടെ പസഫിക് സമുദ്രത്തിൽ, കലിഫോർണിയൻ തീരത്ത് സ്പ്ലാഷ്ഡൗൺ നടത്തും. ബഹിരാകാശ യാത്രയിലെ ഏറ്റവും നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കൽ. ഇത് സാധ്യമാകുന്നതോടെ ശുഭാംഷു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് തിരശ്ശീല വീഴും.

ശുക്ലയെയും ബഹുരാഷ്ട്ര ആക്സിയം മിഷൻ 4 ക്രൂവിനെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം തിങ്കളാഴ്ച വൈകുന്നേരം 4:30 ന് ISS-ൽ നിന്ന് വേർപെട്ടു. ഇതോടെ 22 മണിക്കൂർ നീളുന്ന ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത മടക്കയാത്രയ്ക്ക് തുടക്കമായി. പേടകം ഭൂമിയെ പലതവണ വലയം ചെയ്തതിന് ശേഷം, നിശ്ചിത സ്പ്ലാഷ്ഡൗൺ സോണിലേക്ക് കൃത്യമായി ലക്ഷ്യമിടാൻ ആവശ്യമായ ഡിഓർബിറ്റ് ബേൺ പ്രക്രിയകൾ പൂർത്തീകരിക്കും. അതീവ നിർണായകമാണ് ഈ ഘട്ടം.













