പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്സഭാ അതിരഞ്ഞെടുപ്പിലെ പരാജയത്തോട് പ്രതികരിക്കുക ആയിരുന്നു ഗോവിന്ദൻ. യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്. തങ്ങളുടെ വോട്ട് അവിടെത്തന്നെയുണ്ട്. പാർട്ടിയുടെ അടിത്തറ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ല, മുഖം നന്നായി മിനുങ്ങിത്തന്നെയാണുള്ളത്. തൃശൂരിൽ 86,000 വോട്ട് കോൺഗ്രസിന് കുറഞ്ഞു. എൽഡിഎഫിന് അവിടെ 6000 വോട്ട് കൂടുകയാണ് ചെയ്തത്. ആരുടെ വോട്ടാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കോൺഗ്രസ് തൃശൂരിൽ പാലംവലിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.














