തിരുവനന്തപുരം: മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് വിഴിഞ്ഞം സമരസമിതി.നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭയെന്ന് സമര സമിതി വിമര്‍ശിച്ചു.
വാ തുറന്നാല്‍ നികൃഷ്ടജീവി, കടക്കു പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്ത് വേണ്ടന്നും സമരസമിതി കണ്‍വീനര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മത്സ്യതൊഴിലാളികളാണ്. ജയിച്ചിട്ടേ പിന്മാറു.

പിണറായി വിജയനെ കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ജയിച്ചിട്ടേ പിന്മാറൂവെന്നും ഡിക്രൂസ് പറഞ്ഞു.അദാനിയുടെ അശാസ്ത്രീയമായ പോര്‍ട്ട് നിര്‍മ്മാണം ഉപേക്ഷിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ല. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് സംസാരിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
മന്ത്രി അബ്ദുറഹ്‌മാന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവര്‍കോവിലിന്റേത് കള്ളങ്ങള്‍ കുത്തിനിറച്ച പ്രസംഗമാണ്. ലോക ചരിത്രത്തില്‍ ഏതെങ്കിലും നിയമസഭയില്‍ ഇത്രയും കള്ളങ്ങള്‍ നിറച്ച പ്രസംഗം സംഭവിച്ചിട്ടുണ്ടാവില്ല. വസ്തുതകള്‍ക്ക് നിരക്കാത്തതും മത്സ്യതൊഴിലാളികളെ കളിയാക്കുന്നതുമാണ് മന്ത്രിയുടെ ഇന്നത്തെ സഭയിലെ പ്രസംഗമെന്നും ഫാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞത്. പദ്ധതി മൂലം സമീപത്ത് തീരശോഷണം ഉണ്ടാകില്ല. സമഗ്ര പഠനം നടത്തിയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സമരസമിതിയുടെ പ്രതികരണം.













