ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമം;അസമിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെ കേസ്

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, കനയ്യ കുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അസം പൊലീസ് രജിസ്റ്റർ ചെയ്തത്.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇതുസംബന്ധിച്ച് വിശദീകരണം നൽകി എക്‌സിൽ പോസ്റ്റ് ചെയ്തു. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് അസം മുഖ്യമന്ത്രി തന്നെയാണ് മൂവർക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകിയത്.

ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും മറ്റും തെളിവായി പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.അതേസമയം മനസിൽ പേടിയുള്ളതുകൊണ്ടാണ് അവർ തങ്ങൾക്കെതിരേ കേസെടുത്തതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വശർമയെന്ന് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹാട്ടിയിലേക്ക് കടക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *