മേയറുടെ കത്ത് വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു


തലസ്ഥാന കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്.


ആര്യ രാജേന്ദ്രൻെറയും, സ്റ്റാൻറിംഗ് കമ്മിററി ചെയ‍ർമാൻ ഡിആർ. അനിലിൻെറയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക. തലസ്ഥാന കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ആകും അന്വേഷണം നടത്തുക.


തലസ്ഥാന കോർപ്പറേഷൻ മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡി.ആർ.അനിലിൻെറയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം നൽകിയിട്ടില്ല. ഇന്നലെ വൈകുന്നേരം മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴി‍‌ഞ്ഞു മാറി.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും. തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ചിൻെറ നീക്കം.



Sharing is Caring