ആലപ്പുഴ: മകളെ വെട്ടിക്കൊന്ന ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യാ സഹോദരൻ വിഷ്ണു. സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം മൂലമാണെന്നും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും വിഷ്ണു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
വിദ്യയെ മാനസികമായും ശാരീരികമായും മഹേഷ് ഉപദ്രവിച്ചിരുന്നുവെന്നും ഇയാള്‍ക്കെതിരെ മുമ്ബ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് വിഷ്ണു വ്യക്തമാക്കി. അതേസമയം, മഹേഷ് മൂന്ന് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ നക്ഷത്രയെ കൂടാതെ അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് അവരോടുള്ള പകയ്ക്ക് കാരണം.

പുന്നംമൂട് ചന്തയ്ക്ക് കിഴക്ക് ഭാഗത്തുള്ള ചെല്ലപ്പൻ എന്നയാളിനെ കൊണ്ടാണ് നക്ഷത്രയെ കൊല്ലാനുള്ള മഴു പണിയിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈനായി വാങ്ങാൻ ആയിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി.
ഇന്നലെ ജയിലില്‍ വച്ച് ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാവേലിക്കര സബ് ജയിലിലെ ബാത്ത് റൂമില്‍ വൈകിട്ട് 6.45ന് ബ്ലേഡ് കൊണ്ട് കഴുത്തും ഇടത് കൈത്തണ്ടയും മുറിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നക്ഷത്രയുടെ സംസ്കാരം വൈകിട്ട് മൂന്നിന് മാതാവിന്റെ വസതിയായ പത്തിയൂര്‍ തൃക്കാര്‍ത്തികയില്‍ നടക്കും. ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.നക്ഷത്രയുടെ മാതാവ് വിദ്യ മൂന്ന് വര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അമ്മയെ അടക്കിയത് ഇവിടെയാണ്.അപ്പൂപ്പൻ ലക്ഷ്മണനും അമ്മൂമ്മ രാജശ്രീയുമാണ് ഇപ്പോള്‍ ഇവിടെ താമസം. അമ്മാവൻ വിഷ്ണുവിന് ഗള്‍ഫിലാണ് ജോലി. ഇന്ന് നാട്ടിലെത്തും.













