വൈഗ കൊലക്കേസ്; പിതാവ് കുറ്റക്കാരനെന്ന് കോടതി വിധി


ബാധ്യതയാകുമെന്ന് കരുതി മകളെ കൊലപ്പെടുത്തിയ പിതാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേരളത്തെ നടുക്കിയ വൈഗ കൊലക്കേസിലാണ് പിതാവ് സനുമോഹന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് . 2021 മാര്‍ച്ച് 21-ന് മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷമാണ് മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചത് . പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.


ശിക്ഷാവിധിയിലെ വാദം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.2021 മാര്‍ച്ച് 22-നാണ് മുട്ടാര്‍പ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗ(10)യുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.


പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിക്കുകയും, വാളയാര്‍ ചെക്‌പോസ്റ്റിലൂടെ സനുവിന്റെ കാര്‍ കടന്നുപേയതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2021 ഏപ്രില്‍ 18-ന് കര്‍ണാടകയിലെ കാര്‍വാറില്‍നിന്നാണ് പിടികൂടിയത്.



Sharing is Caring