കാര്യവട്ടത്തെ ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെ വിമർശിച്ച് വി.ഡി. സതീശൻ

കാര്യവട്ടത്തെ ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന് വിഡി സതീശൻ പ്രതികരിച്ചു. കായിക മന്ത്രി വി അബ്ദുറഹിമാൻ്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്നും വിവാദ പ്രസ്താവന കേരളം വേണ്ട നിലയിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഒരു അന്താരാഷ്ട്രതലത്തിലുള്ള ഒരു മത്സരം കേരളത്തിലേക്ക് വരുമ്പോൾ നിറഞ്ഞ മനസ്സോടുകൂടി എല്ലാവരും ചേർന്ന് അതിനെ സ്വീകരിക്കുക. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്താൻ പറ്റിയ സ്ഥലമാണ് കേരളം എന്ന് ബോധ്യപ്പെടുത്തുക. സ്പോർട്സിന് മാത്രമല്ല. കേരളത്തിൻറെ ഇക്കോണമിക്ക് കൂടി അത് പ്രയോജനപ്പെടും. സമ്പദ് വ്യവസ്ഥയ്ക്ക് കൂടി. അത് മനസ്സിലാക്കാതെ ഈ നിസ്സാരമായ പ്രശ്നങ്ങളുടെയൊക്കെ പേരിൽ വൈരാഗ്യ ബുദ്ധിയോടുകൂടി വളരെ മോശമായ കമൻ്റ് ഭരണകാലത്തിൽ ഇരിക്കുന്നവർ ചെയ്യാൻ പാടില്ലായിരുന്നു.”- വി.ഡി. സതീശൻ പറഞ്ഞു.

“കായിക മന്ത്രി എൻ്റെ സുഹൃത്താണ്. പക്ഷേ, ഒരിക്കലും അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരാളോ അല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൻ്റെ വരാന്തയിൽ കയറി ഇരുന്ന ഒരാളോ പറയാൻ പാടില്ലാത്ത ഒരു പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. പട്ടിണി കിടന്നവർ ഒന്നും കിടക്കുന്നവർ ഒന്നും കളി കാണാൻ വരണ്ട എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അത് യഥാർത്ഥത്തിൽ ഈ കളി കാണാൻ ജനം വരുന്നത് ഇല്ലാതാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ കരുതുന്നത് അതാണ് അനാവശ്യമായിട്ടുള്ള ഒരു വിവാദമാണെന്നാണ്. കാരണം കേരളത്തിൽ ഒന്നും ഫുട്ബോൾ നടന്നാലും ക്രിക്കറ്റ് നടന്നാലും വോളിബോൾ നടന്നാലും നിറഞ്ഞ സദസ്സിലാണ് എല്ലാ കാലത്തും നടന്നിട്ടുള്ളത്. തിരുവനന്തപുരത്ത് അങ്ങനെ ആള് കുറയേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇനി ഭാവിയിലേക്കുള്ള മത്സരങ്ങളെയും അത് ബാധിക്കും. ഇതെല്ലാം നേതൃത്വം കൊടുക്കുന്ന ആളുകൾ ഗൗരവത്തോടുകൂടി ചെയ്യണം. ഞാൻ കരുതുന്നത് മന്ത്രിയുടെ ആ പ്രസ്താവന മാധ്യമങ്ങളും ജനാധിപത്യ കേരളവും വളരെ ഗൗരവത്തോടുകൂടി ചർച്ച ചെയ്തില്ല എന്നുള്ളതാണ്. എന്നെ വല്ലാതെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു സ്റ്റേറ്റ്മെൻ്റ് ആണ് കായിക മന്ത്രി നടത്തിയത്. എനിക്ക് അതിൽ ശക്തമായ പ്രതിഷേധമുണ്ട്.”- സതീശൻ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *