തിരുവനന്തപുരം: തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച് 70 വയസ്സുകാരി. തലച്ചോറിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലിലെ ദുര്‍ബലമായ ഭാഗത്ത് (അന്യൂറിസം) അനിയന്ത്രിതമായ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണിത്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടന്ന അത്യാധുനിക ന്യൂറോ ഇന്റെര്‍വെന്‍ഷ്ണല്‍ പ്രൊസീജിയറിലാണ് രക്തസ്രാവം നിയന്ത്രിച്ച് രോഗാവസ്ഥ ഭേദമാക്കിയത്.
തുടര്‍ച്ചയായി കടുത്ത തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് രോഗി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുന്നത്. രോഗിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനില്‍ തലച്ചോറിനും ചുറ്റുമുള്ള പാളിക്കുമിടയിലായി രക്തസ്രാവം (സബ്അരക്‌നോയിഡ് ഹെമറേജ്) സ്ഥിരീകരിക്കുകയായിരുന്നു. തലയോട്ടിക്കുള്ളില്‍ രക്തം പൊട്ടിയൊഴുകുന്നതുമൂലം തലച്ചോറിന് ചുറ്റുമുള്ള ഫ്ലൂയിഡിൽ രക്തപ്രവാഹം ഉണ്ടാവുകയും തലച്ചോറിലെ സമ്മര്‍ദ്ദം വര്‍ദ്ധിച്ച് രോഗിയുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു.

ന്യൂറോ ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം എന്‍ഡോവാസ്‌കുലര്‍ കോയിലിംഗ് നടത്തുകയായിരുന്നു. രക്തധമനിക്കുള്ളിലൂടെ ട്യൂബ് രൂപത്തിലുള്ള മൈക്രോ കത്തീറ്റര്‍ കടത്തി വിട്ട് അന്യൂറിസവും ധമനിയുമായുള്ള ബന്ധം ഫലപ്രദമായി അടയ്ക്കുന്ന പ്രക്രിയയാണ് എന്‍ഡോവാസ്‌കുലര്‍ കോയിലിംഗ്.
അനിയന്ത്രിതമായ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനുമാണ് സബ്അരക്‌നോയിഡ് ഹെമറേജിന് കാരണമാകുന്നതെന്ന് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. സാധാരണയായി ഇത്തരം കേസുകളില്‍ തലയോട്ടി തുറന്നുള്ള സങ്കീര്‍ണ്ണ ശസ്ത്രക്രിയാനടപടികൾ ആവശ്യമായിരുന്നു. എന്നാല്‍ എന്‍ഡോവാസ്‌കുലര്‍ കോയിലിംഗിലൂടെ ശസ്ത്രക്രിയ കൂടാതെ തന്നെ അന്യൂറിസത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂറോ ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദിനേഷ് ബാബു, ന്യൂറോഅനസ്‌തേഷ്യ വിഭാഗം അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജയന്ത് ആര്‍ ശേഷന്‍ എന്നിവര്‍ പ്രൊസീജിയറിന്റെ ഭാഗമായി.













