റഷ്യയില്‍ വീണ്ടും വ്യാപക ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ൻ


റഷ്യയില്‍ വീണ്ടും വ്യാപക ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യൻ അധികൃതർ യുക്രെയ്ൻ്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ചു.ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാൻസ്‌ക് പ്രവിശ്യയുടെ അതിർത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ അധികൃതർ അറിയിച്ചു.


മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക് നഗരത്തില്‍ വെച്ച്‌ തകർത്തതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഡ്രോണുകള്‍ വീഴ്ത്തിയിടത്ത് ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും മോസ്‌കോ മേയർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ബ്രയാൻസ്‌കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രവിശ്യാ ഗവർണർ അലക്‌സാണ്ടർ ബോഗോമാസ് ട്വിറ്ററില്‍ കുറിച്ചത്.


മോസ്‌കോയുമായി വടക്കൻ അതിർത്തി പങ്കിടുന്ന ടുള പ്രവിശ്യയില്‍ രണ്ട് യുക്രെയ്ൻ ഡ്രോണുകള്‍ വീഴ്ത്തിയാതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ തൊടുത്തുവിട്ട മിസൈല്‍ റഷ്യയുടെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ റോസ്‌തോവില്‍ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഗവർണർ വാസിലി ഗൊലുബേവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

റഷ്യയിലേയ്ക്ക് യുക്രെയ്ൻ എത്ര ഡ്രോണുകളും മിസൈലുകളും തൊടുത്തുവെന്ന നിലയിലുള്ള സ്ഥിരീകരണമില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്തായി റഷ്യയുടെ നേർക്ക് വ്യോമമാർഗ്ഗമുള്ള ആക്രമണം യുക്രെയ്ൻ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധനീക്കത്തിന് കരുത്താകുന്ന സംവിധാനങ്ങളെ തകർക്കുകയാണ് ആക്രമണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നാണ് യുക്രെയ്ൻ വിശദീകരണം. യുക്രെയ്‌നില്‍ തുടർച്ചയായി ആക്രമണം നടത്തുന്ന റഷ്യൻ നിലപാടിനോടുള്ള പ്രതികരണമാണ് ആക്രമണങ്ങളെന്നും യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു.



Sharing is Caring