ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി;പെരിയാര്‍ നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 100 സെമി വരെ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ട്ര് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഡാമില്‍ നിലവില്‍ 164.05 മീറ്ററാണ് ജലനിരപ്പ്.സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ മാറി താമസിക്കാന്‍ തയ്യാറാവുകയും വേണം.


പെട്ടെന്നുണ്ടാകുന്ന മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടാകാനും നദികളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറഞ്ഞു.



Sharing is Caring