കോഴിക്കോട് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട കേസില്‍ സിപിഐഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ചെറുവണ്ണൂര്‍ നൂര്‍ മഹലില്‍ സുല്‍ത്താന്‍ നൂര്‍ (22), സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കണ്ണാട്ടിക്കുളം ഊട്ടുകളത്തില്‍ സജിത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നല്ലളം പൊലീസും സിറ്റി സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഫെബ്രുവരി 11ന് അര്‍ധരാത്രിയാണ് ചെറുവണ്ണൂര്‍ ആശാരിക്കണ്ടിപ്പറമ്പ് വള്ളിക്കാട്ട് ആനന്ദ് കുമാറിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറും സ്‌കൂട്ടറും പ്രതികള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. മൂന്ന് കുപ്പി പെട്രോളുമായി യുവാവ് ആനന്ദിന്റെ വീട്ടിലേക്ക് വരുന്നതും വീട്ട് മുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും തീ ആളുന്ന സമയത്ത് ഓടി രക്ഷപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മേഖലയിലെ പെട്രോള്‍ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു.

പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ സജിത്ത് സുല്‍ത്താനെ വയനാട്ടിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം സുല്‍ത്താനെ പിടികൂടുകയായിരുന്നു. സജിത്തിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്നു സുല്‍ത്താന്‍ സമ്മതിച്ചതോടെയാണ് പൊലീസ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മര്‍ദിച്ചതിന്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യം ചെയ്തതെന്നാണ് സജിത്തിന്റെ മൊഴി












