ജര്‍മനിയില്‍ ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു


പടിഞ്ഞാറന്‍ ജര്‍മനിയിലെ വൈന്‍ ഗ്രോവിംഗ് മേഖലയിലെ മോസല്‍ നദിയിലെ ക്രോവ് എന്ന ചെറുപട്ടണത്തില്‍ ഒരു ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു.
കെട്ടിടത്തില്‍ നിരവധി ഹോട്ടലില്‍ താമസത്തിനുവന്നവർ കുടുങ്ങി കിടപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്താണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ ഒരു പ്രദേശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.ജര്‍മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ് പാലറ്റിനേറ്റിലെ (റൈന്‍ലാന്റ് ഫാല്‍സ്) ഫ്രാങ്ക്ഫര്‍ട്ടിന് 100 കിലോമീറ്റര്‍ പടിഞ്ഞാറ് മോസല്‍ നദിക്കരയിലുള്ള ക്രോവ് എന്ന പട്ടണത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ഹോട്ടല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നത്.


പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 10.55 ഓടെയാണ് നാട്ടുകാരാണ് സംഭവം പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്.മരിച്ചവരില്‍ ഒരു പുരുഷനും ഒരു സ്ത്രീയും ഉള്‍പെടുന്നതായി പോലീസ് അറിയിച്ചു. രണ്ടു വയസുള്ള കുട്ടിയും മാതാപിതാക്കളും ഉള്‍പ്പെടെ നാലുപേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ചതായും അത്യാഹിത പ്രവര്‍ത്തകര്‍ പറഞ്ഞു.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കരുതുന്നത്. ബുധനാഴ്ച രാവിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഒരു സ്ത്രീയെ പുറത്തെടുത്തു.


200 ലധികം രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. ഹോട്ടലില്‍ ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതാണോ തകര്‍ച്ചയ്ക്ക് കാരണമെന്ന് വ്യക്തമല്ലെന്നും ലോക്കല്‍ ഡിസ്ട്രിക്റ്റ് ഫയര്‍ ആന്‍ഡ് ഡിസാസ്ററര്‍ കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ഗ് ട്യൂഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ്. ഒരു നില തകര്‍ന്നു വീഴുമ്ബോള്‍ 14 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

അഞ്ചുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കെട്ടിടത്തിന്‍റെ ഘടന അസ്ഥിരമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ന്ധവളരെ ബുദ്ധിമുട്ടാണെന്ന് പോലീസ് പറഞ്ഞു.കെട്ടിടം പൂര്‍ണമായി തകരാന്‍ സാധ്യതയുള്ളതിനാല്‍ അഗ്നിശമന സേനാ സംഘങ്ങള്‍ക്ക് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ആദ്യം കഴിഞ്ഞില്ല. സമീപത്തെ കെട്ടിടങ്ങളിലുള്ള 30 പേരെയും ഒഴിപ്പിച്ചു. ജര്‍മനിയിലെ മനോഹരമായ മുന്തിരിത്തോട്ടങ്ങളും കോട്ടകളുമുള്ള താഴ്വാരങ്ങളടങ്ങിയ മോസല്‍ ഭൂപ്രദേശം പ്രശസ്തമായ വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രമാണ്.



Sharing is Caring