തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴ അടച്ചു തീർത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്ന് മുതൽ പുക പരിശോധനാ സർട്ടിഫക്കറ്റ് നൽകൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.എ.ഐ ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്.
ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളിൽ 273 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ, കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണനിരക്കിൽ ഇനിയും മാറ്റം വരാം.ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 139 കോടിയിലധികം രൂപ പിഴചുമത്താവുന്ന നിയമലംഘനങ്ങളാണ് നടന്നത്. ഈ കാലയളവിൽ ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്. 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇക്കാലയളവിൽ 13 എംപി-എംഎൽഎ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.













