ഒരു ക്ലാസ്സിലിരുന്നു പഠിച്ച സുഹൃത്തുക്കൾക്ക് ആദ്യത്തെ 5 റാങ്കുകൾ

തിരുവനന്തപുരം: ഒരു വിഷയത്തിലെ ആദ്യത്തെ അഞ്ചു റാങ്കുകള്‍ ഒരു ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കള്‍ക്ക് ലഭിക്കുക എന്ന അപൂര്‍വ നേട്ടത്തിന്റെ തിളക്കത്തിലാണ് തിരുവനന്തപുരം നീറമണ്‍കര എന്‍.എസ്.എസ് വനിതാ കോളേജ്. പലവട്ടവും കോളേജിന്റെ പടി കടന്ന് റാങ്കുകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഫിലോസഫി ബിരുദ പരീക്ഷയിലെ നേട്ടം ഏവര്‍ക്കും കൗതുകമായി. മറ്റ് കോളേജുകളെ ബഹുദൂരം പിന്നിലാക്കിയാണ് പഞ്ചരത്ന തിളക്കത്തിലേക്ക് ഇവിടത്തെ വിദ്യാര്‍ത്ഥിനികള്‍ കുതിച്ചത്.

നിരഞ്ജന.എ.വി, സ്നേഹ.ബി, ശിവകാമി.വി.എസ്, വര്‍ഷ.വി.എസ്, ആമഞ്ചി ധരണി എന്നിവരാണ് റെക്കോഡ് മാര്‍ക്കോടെ റാങ്ക് നേടിയത്. ഇതില്‍ നിരഞ്ജന, സ്‌നേഹ, വര്‍ഷ, ആമഞ്ചി എന്നിവര്‍ക്ക് പി.ജി പഠനത്തിന് ശേഷം അദ്ധ്യാപികമാരാകാനാണ് ആഗ്രഹം.

ഐ.എ.എസാണ് ശിവകാമിയുടെ സ്വപ്‌നം. ഹയര്‍സെക്കന്‍ഡറിയില്‍ സയന്‍സ് ബാച്ചില്‍ പഠിച്ച അഞ്ച് പേരും ശാസ്‌ത്രവും സാഹിത്യവുമെല്ലാം ഒരുമിച്ച്‌ പഠിക്കാമല്ലോയെന്ന ചിന്തയിലാണ് ഫിലോസഫിയിലേക്ക് വഴിതിരിഞ്ഞത്.

പ്രളയസമയത്ത് നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരായി മുഴുവന്‍ സമയവും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥിനികളായിരുന്നു നിരഞ്ജനയും സ്‌നേഹയും. സര്‍വകലാശാല കലോത്സവത്തിലടക്കം തിളങ്ങിയ നിരഞ്ജന മികച്ചൊരു കഥാകാരി കൂടിയാണ്. അഞ്ചാം റാങ്ക് നേടിയ ആമഞ്ചി ധരണി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. റെയില്‍വേയില്‍ ജോലിയുളള അമ്മയോടൊപ്പം ബാല്യത്തില്‍ തന്നെ കേരളത്തിലെത്തിയ ആമഞ്ചിക്ക് മലയാളം സ്വന്തം ഭാഷ പോലെയാണ്. കോളേജില്‍ രണ്ടാംഭാഷയായി ആമഞ്ചി തിരഞ്ഞെടുത്തതും മലയാളം തന്നെ.

ഏഴാം റാങ്കും കോളേജിലെ തന്നെ വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്‌മയ്‌ക്കാണ് ലഭിച്ചത്. വിദ്യാര്‍ത്ഥിനികളും അദ്ധ്യാപികമാരും തമ്മിലുണ്ടായിരുന്ന സൗഹാര്‍ദ്ദപൂര്‍ണമായ ബന്ധമാണ് ഈ വിജയത്തിന് കാരണമെന്ന് ഫിലോസഫി വിഭാഗം മേധാവിയായ ഡോ. വിനിത മോഹന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *