ലോകകപ്പില്‍ ഇന്ന് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും


ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം.ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ടീമിലെ പടലപ്പിണക്കങ്ങള്‍ വേറെ. വിമര്‍ശനങ്ങളുമായി മുന്‍താരങ്ങള്‍.അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും ക്യാപ്റ്റന്‍ ബാബര്‍ അസമിനും പോരാട്ടം ജീവന്മരണമാകുമെന്നതില്‍ സംശയമൊന്നുമില്ല.സെമിയിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ദക്ഷിണാഫ്രിക്കയുടെ പടയൊരുക്കം.


ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്റന്‍ ഡീകോക്ക് ഉള്‍പ്പടെയുള്ള ബാറ്റര്‍മാരും, റബാഡ നയിക്കുന്ന ബൗളിംഗ് നിരയും പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന നാണക്കേട് ഇത്തവണ മാറ്റാന്‍ ഒരുങ്ങി തന്നെയാണ്.ലോകകപ്പിലെ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ നേരിയ മുന്‍ തൂക്കം ദക്ഷിണാഫ്രിക്കയ്ക്ക്. അഞ്ചില്‍ മൂന്നെണ്ണത്തില്‍ ജയം. എന്നാല്‍ അവസാന രണ്ട് ലോകകപ്പുകളിലും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ജയം പാകിസ്ഥാന് സ്വന്തം.




Sharing is Caring