വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ട അജ്ഞാത ആകാശ വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വൈറ്റ് ഹൗസ്.അജ്ഞാത വസ്തുക്കള്‍ എന്താണെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഇന്ററാജന്‍സി ടീമിനെ നയിക്കും. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ നാല് അജ്ഞാത പേടകങ്ങളാണ് അമേരിക്കന്‍ സൈന്യം വെടിവച്ചു വീഴ്ത്തിയത്.

അജ്ഞാത വസ്തുക്കള്‍ എന്താണെന്ന് കണ്ടെത്തുകയും, ഇവ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി, അപകടസാധ്യതകള്‍, പ്രത്യാഘാതങ്ങള്‍ എന്നിവ പഠിക്കുന്നതിനാണ് ഇന്ററാജന്‍സി ടീം. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌രില്‍ ഹെയ്ന്‍സ് എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു.
അതേസമയം വെടിവച്ചിട്ട വസ്തുക്കള്‍ ആളുകള്‍ക്ക് ഭീഷണിയല്ലെന്നും, അന്യഗ്രഹ ജീവികളുടെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അമേരിക്ക-കാനഡ അതിര്‍ത്തിക്ക് സമീപം മിഷിഗണിലെ ഹ്യൂറോണ്‍ തടാകത്തിന് മുകളിലൂടെ സഞ്ചരിച്ച ഒരു പേടകം കൂടി കഴിഞ്ഞ ദിവസം സൈന്യം വെടിവച്ചിട്ടിരുന്നു.













