ഗാസയില്‍ ഹമാസിനെതിരായ യുദ്ധം 80 ദിവസം പിന്നിടുന്പോള്‍ യുദ്ധം അവസാനിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍.യുദ്ധം അവസാനിപ്പിക്കുന്നതിനായി രാജ്യാന്തര തലത്തില്‍ തന്നെ സമ്മര്‍ദം ഉയരുന്നതിനിടൊണ് കരയാക്രമണം കൂടുതല്‍ രൂക്ഷമാക്കാനുള്ള നിര്‍ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തത്തിയത്.
ഗാസയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികരെ കണ്ടു മടങ്ങിയ ശേഷമായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവന. ”ഞങ്ങള്‍ അവസാനിപ്പിക്കുന്നില്ല. പോരാട്ടം തുടരുകയാണ്, വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, അവസാനിക്കാറായിട്ടില്ല.” നെതന്യാഹു പറഞ്ഞു.

നൂറോളം ബന്ദികള്‍ ഇപ്പോഴും ഹമാസിന്‍റെ പിടിയിലുണ്ട്. സൈനിക സമ്മദര്‍ം ചെലുത്താതെ അവരെ മോചിപ്പിക്കാനാകില്ലെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൂടി കൊല്ലപ്പെട്ടു. ഒറ്റരാത്രിയില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കവിഞ്ഞതായാണു റിപ്പോര്‍ട്ട്.
മധ്യ ഗാസയിലെ മഗസി അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.













