യുപിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ട്രെയിനില്‍ ആക്രമിച്ച കേസിലെ പ്രതിയെ വെടിവെച്ചു കൊന്നു


ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ വെടിയേറ്റ് ഒരാള്‍കൂടി കൊല്ലപ്പെട്ടു. ട്രെയിനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിഅനീസ് ഖാന്‍ ആണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അനീസ് ഖാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയെ പിടികൂടാനുള്ള നീക്കത്തിനിടെ അനീസും സംഘവും പൊലീസിനും പ്രത്യേക ദൗത്യ സേനയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ടന്റ് രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു.


പൊലീസ് തിരിച്ചു പ്രത്യാക്രമണം നടത്തുന്നതിനിടയിലാണ് അനീസ് ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വാദം.പൊലീസിന് നേരെ വെടിയുതിര്‍ത്ത പ്രതിയുടെ രണ്ട് കൂട്ടാളികള്‍ക്കും വെടിയേറ്റിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതായി യുപി പൊലീസ് അറിയിച്ചു. ഓഗസറ്റ് 30ന് ആയിരുന്നു ട്രെയിനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടന്നത്. അയോധ്യയ്ക്ക് സമീപം സരയൂ എക്‌സ്പ്രസില്‍ വനിതാ കോണ്‍സ്റ്റബിളിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.


തലയ്ക്കും മുഖത്തും ഗുരുതരകമായി പരിക്കേറ്റ നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥയെ ട്രെിനില്‍ നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥ ലഖ്‌നൗ ആശുപത്രിയില്‍ ചികിത്സയിലാണ്.2017 മുതല്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 185 ആയി. ഉത്തര്‍പ്രദേശിലെ പൊലീസ് ഏറ്റുമുട്ടലില്‍ കുറ്റവാളികള്‍ കൊല്ലപ്പെടുന്നത് നിത്യ സംഭവം ആയതിനെ തുടര്‍ന്ന് സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് സമഗ്രമായ സത്യവാങ്മൂലം അവശ്യപ്പെട്ടിട്ടുണ്ട്.



Sharing is Caring