മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ മേധാവികള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രബര്‍ത്തിയുമാണ് ഹര്‍ജിക്കാര്‍. ഇരുവരുടെയും അറസ്റ്റും റിമാന്‍ഡും ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതാണ് അപ്പീല്‍. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദേവദത്ത് കാമത്ത് എന്നിവര്‍ ഹാജരാകും. അറസ്റ്റിന്റെ കാരണം എഴുതി നല്‍കണമെന്ന സുപ്രിംകോടതി വിധി യുഎപിഎ കേസുകളില്‍ ബാധകമല്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഡല്‍ഹി പൊലീസ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് വിധിയില്‍ പറഞ്ഞത്. ഇത് പങ്കജ് ബന്‍സല്‍ കേസിലെ സുപ്രിംകോടതി വിധിക്ക് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.














